കോഴിക്കോട് : കൊൽക്കത്തയിൽ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും സമരം കടുപ്പിക്കുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കും. ഐഎംഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 24 മണിക്കൂർ നീണ്ടു നിൽക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ഒരു ആശുപത്രികളിലും ഒപി പ്രവർത്തിക്കില്ല. നേരത്തേ തീരുമാനിച്ച ശസ്ത്രക്രിയകൾ മാറ്റിവെക്കും. പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ തുടങ്ങി പരിപാടികളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. എങ്കിലും അടിയന്തര ശസ്ത്രക്രിയകൾ, പ്രസവ മുറി, തീവ്രപരിചരണ വിഭാഗം, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും.
ഡോക്ടർമാരുടെ സമരം മൂലം കോഴിക്കോട് മെഡിക്കൽ കോളജ് പ്രാർത്തനം താറുമാറായി. ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു. ആശുപത്രിയുടെ പ്രവർത്തനങ്ങളെ സമരം സാരമായി ബാധിച്ചു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോളജ് പരിസരത്ത് ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നിരവധി പിജി ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു.
ഡോക്ടർമാരുടെ സമരം അത്യാഹിത വിഭാഗമുൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പത്ത് ഡോക്ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് 3 പേർ മാത്രമാണുണ്ടായത്. ഇതോടെ രോഗികളുടെ വലിയ നിരയാണ് പരിശോധനയ്ക്കായി കാത്തുനിന്നത്.