ന്യൂദൽഹി: പശ്ചിമബംഗാളിൽ ജൂനിയർ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. കൊൽകത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ഡോക്ടറുടെ കുടുംബവും ഡോക്ടർമാരുടെ സംഘടനയും ആരോപിച്ചിരുന്നു.
പോലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. കുറ്റക്കാരെ മുഴുവനും ഉടൻ പിടികൂടുമെന്ന് സിബിഐ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു