ഡെറാഡൂണ്‍ : കൗമാരക്കാരി സർക്കാർ ബസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായരാജ്പാല്‍ (57), ധര്‍മേന്ദ്ര കുമാര്‍ (32), രാജേഷ് കുമാര്‍ സോങ്കര്‍ (38), ദേവേന്ദ്ര (52), ഉത്തർ പ്രദേശ് സ്വദേശി രവി കുമാര്‍ (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ധര്‍മേന്ദ്ര കുമാറും ദേവേന്ദ്രയും പെണ്‍കുട്ടി പീഡനത്തിനിരയായ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ്. മറ്റു ബസുകളിലെ ഡ്രൈവര്‍മാരാണ് രവികുമാറും രാജ്പാലും. രാജേഷ് കുമാര്‍ സോങ്കര്‍ ഉത്തരാഖണ്ഡ് റോഡ് വെയ്‌സിന്റെ കാഷ്യറാണ് .
ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡെറാഡൂനിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ വെച്ചാണ് ഉത്തർ പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി വഴിയറിയാതെ ബസില്‍ കയറിയതായിരുന്നു. എന്നാല്‍, സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് പോലീസ് വിവരം പുറത്തുവിട്ടത്.
ഡെറാഡൂനിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിൽ തനിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാരിന്റെ കീഴിലുള്ള ബാല്‍നികേതനിലേക്ക് മാറ്റുകയായിരുന്നു ഇവിടെ നിന്നു നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയെ തുടർന്ന് പട്ടേല്‍ നഗര്‍ പോലീസ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ്സും പ്രതികളെയും കണ്ടതിയത്.