കൊച്ചി: സിനിമാ രംഗത്തെ പ്രശ്നങ്ങൾ പഠിച്ചു ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ട് പരിപൂര്‍ണമായി സ്വാഗതം ചെയ്യുന്നുവെന്ന് “അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് “അമ്മ’’ ക്ക് എതിരല്ലെന്നും റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളത് സംഘടനയല്ലെന്നും സിദ്ദിഖ് പറഞ്ഞു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂർണമായും സർക്കാർ നടപ്പിലാക്കണം, കുറ്റക്കാര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും സിദ്ദീഖ് പ്രതികരിച്ചു. കലൂരിൽ അമ്മ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ റിപ്പോർട്ടിൽ സംഘടയുടെ പേര് പരമാർശിച്ചതിലുപരിയുള്ള കുറ്റപ്പെടുത്തലുകൾ ഒന്നുമില്ല, സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ പ്രായസമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു എല്ലാവരെയും ആക്ഷേപിക്കരുത്, നിരപരാധികളെ പൊതു സമൂഹത്തിൽ നാണം കെടുത്തരുത്.
വേട്ടക്കാരുടെ വിവരങ്ങൾ പുറത്തുവിടണമെന്നതുൾപ്പടെയുള്ള നിര്‍ദേശങ്ങൾ എക്സിക്യുട്ടീവ് യോഗത്തിൽ ചര്‍ച്ച ചെയ്യും. ഹേമ കമ്മിറ്റി “അമ്മ’ യിലെ എല്ലാ വനിതാ അംഗങ്ങളെയും വിളിച്ചിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും പല തവണ കമ്മിറ്റിക്ക് മുന്നിൽ ഹാജറായിട്ടുണ്ട്, പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരോട് ചോതിച്ചറിഞ്ഞിട്ടുണ്ട്.
സിനിമയില്‍ മാഫിയയോ പവര്‍ഗ്രൂപ്പോ ഉള്ളതായി എനിക്കറിവില്ല. ഒരു പവര്‍ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനുമാവില്ല. റിപ്പോര്‍ട്ടില്‍ പരമർശിക്കുന്ന പവര്‍ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ല. കാസ്റ്റിംഗ് കൗച്ച് നടന്നതായി പരാതിയൊന്നും ലഭിച്ചില്ല, കിട്ടിയാൽ നടപടിയെടുക്കും, ഷോ തിരക്ക് കാരണമാണ് പ്രതികരിക്കാൻ വൈകിയതെന്നും സിദ്ദീഖ് പറഞ്ഞു.