തിരുവനന്തപുരം: സിനിമാ രംഗത്തെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇരകള്‍ നല്കിയ മൊഴികളേയും സമര്‍പ്പിച്ച തെളിവുകളേയും ആധാരമാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപെട്ടു.
2019-ല്‍ സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പോക്സോ ഉൾപ്പടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉൾപെട്ടിട്ടുണ്ട്. റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താതെ, നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു റിപ്പോര്‍ട്ട് തന്നെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി പോക്സോ നിയമപ്രകാരം കുറ്റകരമാണ്. പോക്സോ നിയമപ്രകാരമുള്ള കുറ്റം ചെയ്തെന്നറിഞ്ഞിട്ടും അത് മറച്ചുവക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണ്.
ഇവിടെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെയാണ് നടന്നത്. കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടും നാലര വര്‍ഷം സര്‍ക്കാര്‍ അത് മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണ്. സംസ്ഥാനത്തിനൊന്നാകെ അപമാനമായ ഈ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.



