കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സൂചിപ്പാറയിൽ നടത്തിയ തെരച്ചിലിൽ ആറ് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സൂചിപ്പാറ മുതല്‍ ആനടിക്കാപ്പ് വരെ ഞായറാഴ്ച നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുകളുടെ ആവശ്യ പ്രകാരമാണ് പ്രത്യേക സംഘം തെരച്ചില്‍ നടത്തിയത്. ശരീരഭാഗങ്ങള്‍ തിരിച്ചറിയുന്നതിനായി മേപ്പാടിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരാഴ്ച മുമ്പ് ഇവിടെ നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ എന്നിവർ തെരച്ചിലിൽ പങ്കെടുത്തു. പതിനാലംഗ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെരെച്ചിൽ നടത്തിയത്. സാറ്റ്ലൈറ്റ് കമ്മ്യൂണികേഷൻ ഉൽപ്പടെയുള്ള സംവിധാനങ്ങളും എയർലിഫ്റ്റും തെരച്ചിലിന് ഉപയോഗിച്ചിരുന്നു.