കോഴിക്കോട്: കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. കൂരാച്ചുണ്ട് കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെ മരിച്ചത്.
ജേക്കബ് ഉൾപ്പടെയുള്ള എട്ടംഗസംഘം കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് കുളിക്കാനിറങ്ങിയത്. സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ച സ്ഥലത്താണ് ഇവർ കുളിക്കാനെത്തിയത്. ശക്തമായ അടിയൊഴുക്കും ചുഴിയുമുള്ളതിനാൽ പരിസരവാസികൾ പോലും ഈ കടവിൽ കുളിക്കാൻ ഇറങ്ങാറില്ല. അവിടെയാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഘം കൂരാചുണ്ടിലെത്തുന്നത്. അഞ്ച് മണിയോടെ അപകടത്തിൽ പെട്ട ജേക്കബിനെ ഏകദേശം ഇരുപത് മിനിറ്റ് കഴിഞ്ഞാണ് നാട്ടുകാർക്ക് കണ്ടെത്താനായത്. ഉടൻ തന്നെ കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ജേക്കബ്.