34 C
Saudi Arabia
Friday, August 22, 2025
spot_img

ഉത്തരവാദിത്വം അവസാനിച്ചു, പിന്നിലുള്ളത് ദൈവം മാത്രം: പിവി അൻവർ

തിരുവനന്തപുരം : വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അൻവർ എം.എൽ.എ. എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു പിന്നിൽ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ എഴുതിനൽകി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനും കൈമാറും. ഒരു സഖാവ് എന്ന നിലയ്ക്കാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചതെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എ‍.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിനെ മാറ്റിനിർത്താതെയുള്ള അന്വേഷണത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന്, അതെല്ലാം പാർട്ടിയും സർക്കാരും തീരുമാനിക്കട്ടെ എന്നായിരുന്നു അൻവറിന്റെ മറുപടി. അജിത്ത് കുമാറിനെ മാറ്റിനിർത്തണമെന്ന് പറയുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ മാറ്റുമോയെന്ന ചോദ്യത്തിന്, അതിന്റെയൊന്നും ആളല്ല താൻ എന്നായിരുന്നു മറുപടി.

ഒരു സഖാവ് എന്ന നിലയ്ക്ക് കാര്യങ്ങൾ ചൂണ്ടിക്കാട്ടേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ഇനി ഇത് എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഉത്തരവാദിത്വബോധത്തോടെ അന്വേഷണത്തിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കുമെന്നാണ് ഒരു സഖാവ് എന്ന നിലയിൽ വിശ്വസിക്കുന്നത്. ഇനിയെല്ലാം കാത്തിരുന്ന് കണാമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles