31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ചാരിറ്റി ദിനത്തിൽ സ്നേഹ കൈനീട്ടവുമായി അലിഫ് സ്കൂൾ വിദ്യാർഥികൾ

റിയാദ്: അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് റിയാദിലെ ന്യൂ സനാഇയ്യ മേഖലയിലുള്ള ലേബർ ക്യാമ്പിലെ നിരാലംബരായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ.

ചാരിറ്റി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ ഒരുമിച്ചുകൂട്ടിയ വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകളാണ് ക്യാമ്പിൽ വിതരണം ചെയ്തത്. തൊഴിൽപരമായ പ്രശ്നങ്ങളാൽ  സാമ്പത്തിക പ്രയാസനങ്ങളനുഭവിച്ച് ലേബർ ക്യാമ്പിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കാണ് സഹായം  കൈമാറിയത്.

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽപരം ആളുകളാണ് ക്യാമ്പിൽ ദുരിത ജീവിതം നയിക്കുന്നത്..

വിശപ്പിന്റെ വേദനയും വിരഹത്തിന്റെ നൊമ്പരവുമനുഭവിക്കുന്ന സഹജീവികളെ ചേർത്ത് പിടിക്കാനും ദുരിത പർവ്വത്തിൽ കഴിയുന്നവർക്ക് ആശ്വാസമേകാനും  സമയം കണ്ടെത്തിയ അലിഫിലെ വിദ്യാർഥികൾ സാമൂഹ്യ സേവനത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതിയുടെയും പുതിയ മാതൃക സൃഷ്ടിച്ചു.

അലിഫ് സി ഇ ഒ ലുഖ്‌മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, സാമൂഹ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് എന്നിവർ നേതൃത്വം നൽകി.

ലേബർ ക്യാമ്പിലെ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്നും ഈ വർഷത്തെ ചാരിറ്റി ദിനത്തോടനുബന്ധിച്ച് ഇത്തരം സദുദ്യമത്തിന് നേതൃത്വം നൽകുന്ന ആദ്യ സ്കൂൾ അലിഫ് ആയിരിക്കുമെന്നും ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫാദിൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles