പത്തനംതിട്ട: വ്യത്യസ്ഥ സൈബർ തട്ടിപ്പു കേസുകളിലായി നാലു പേർ പോലീസ് പിടിയിലായി. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടി കൂടിയത്.
ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റിൽ നിക്ഷേപിച്ചാൽ അമിത ലാഭം നൽകാമെന്ന് മോഹിപ്പിച്ച് കോഴഞ്ചേരി സ്വദേശിയിൽ നിന്നും നാലു കോടിയോളം രൂപ തട്ടിയെടുത്ത മലപ്പുറം കല്പകഞ്ചേരി കക്കാട് അമ്പാടി വീട്ടിൽ ആസിഫ് (30), തെയ്യമ്പാട്ട് വീട്ടിൽ സൽമാനൂൽ ഫാരിസ്(23), തൃശൂർ കടവല്ലൂർ ആചാത്ത് വളപ്പിൽ സുധീഷ് (37) എന്നിവരെ പോലീസ് പിടികൂടി.
സമാനമായ കേസിൽ തിരുവല്ല സ്വദേശിയിൽ നിന്നും ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത കോഴിക്കോട് ഫറോക്ക് ചുങ്കം മനപ്പുറത്ത് വീട്ടിൽ ഇരശാദുൽ ഹക്കിനെയും(24) പോലീസ് അറസ്റ്റ് ചെയ്തു.
കംബോഡിയ കേന്ദ്രമാക്കിയാണ് തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ആളുകളുടെ സാമ്പത്തിക ഭദ്രതയും ഇംഗിതങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. കംബോഡിയയിൽ ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ഹരീഷ് കുരാപതി, നാഗ വെങ്കട്ട, സൌജന്യ കുരാപതി എന്നീ ആന്ധ്ര സ്വദേശികളെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എ വിദ്യാധരന്റെ നേതൃത്വത്തിലുളള ടീമാണ് പ്രതികളെ പിടി കൂടിയത്.