റിയാദ്: പ്രവാസി യാത്രക്കാർ കൂടുതൽ ഉള്ള കരിപ്പൂർ വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പൊതുമേഖല സ്ഥാപനമായ കരിപ്പൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അപ്രയോഗിക പാർക്കിംഗ് പരിഷ്കാരങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാറുകളോട് യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിലേക്ക് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കെ എസ് ആർ ടി സി ബസുകൾ അനുവദിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ നടത്താൻ യോഗം തീരുമാനിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി നൈപുണ്യ വികസനം, ലീഡേഴ്‌സ് മീറ്റ്, കലാ – കായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. കോട്ടക്കൽ മണ്ഡലത്തിൽ നിന്നും ഉന്നത പഠനം നടത്തുന്ന അർഹരായ വിദ്യാർത്ഥികൾക്ക് മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന യു. എ ബീരാൻ സാഹിബ് സ്മാരക സ്ക്കോളർഷിപ്പ് വർഷം തോറും നൽകാനും യോഗം തീരുമാനിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് ഫുട്ബോൾ മത്സരവും റിയാദിൽ വെച്ച് ഫൈനൽ മത്സരവും സംഘടിപ്പിച്ച കെഎംസിസി നാഷണൽ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. ഫുട്ബോൾ മത്സരം വിജയിപ്പിക്കുന്നതിൽ സംഘാടകർക്കൊപ്പം പ്രവർത്തിച്ച കെഎംസിസി നാഷണൽ സ്പോർട്സ് വിംഗ് കൺവീനർ മൊയ്‌ദീൻ കുട്ടി പൊന്മളയേയും യോഗം പ്രത്യേകം അഭിനന്ദിച്ചു.