കോഴിക്കോട്: എ ഡി ജി പി അജിത് കുമാറിനെയും പി ശശിയേയും തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ നിലമ്പൂർ എം എൽ എ പി വി അൻവർ പാർട്ടിയിൽ ഒറ്റപ്പെടുന്നു. പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാണിട്ട് സംസ്ഥാന കമ്മിറ്റിയിറക്കിയ വാർത്താകുറിപ്പ് പങ്ക് വെച്ച പ്രമുഖ നേതാക്കളെല്ലാം അൻവറിനെ വിമർശിക്കാനും മറന്നില്ല.
മലപ്പുറം എസ പി യിൽ നിന്നും തുടങ്ങിയ വിമർശനങ്ങൾ എ ഡി ജി പിയും കടന്നു പി ശശിയിൽ എത്തിയപ്പോഴാണ് പാർട്ടി കടിഞ്ഞാണിട്ടത്. കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണ കടത്തും പിടിക്കപ്പെടുന്ന സ്വർണ്ണം ഉരുക്കി വെട്ടിപ്പ് നടത്തുന്നതുൾപ്പടെയുള്ള വിമർശങ്ങൾ അൻവർ ഉന്നയിച്ചിരുന്നു. സ്വര്ണക്കടത്തുമായി ബന്ധപെട്ട കൊലപാതക കേസിലും താനൂർ കസ്റ്റഡി മരണത്തിലും പോലീസിനെ അൻവർ പ്രതികൂട്ടിൽ നിർത്തിയിരുന്നു.
തൃശൂർ പൂരം കലക്കിയതിലും സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിച്ചതിലും എ ഡി ജി ഐ അജിത് കുമാറിന്റെ പങ്ക് തെളിവുകൾ നിരത്തിയാണ് അൻവർ പുറത്തു വിട്ടത്. അജിത് കുമാറിന്റെ സ്വത്ത് സമ്പാദനവും കാവടിയാറിലെ വീട് നിർമ്മാണവും തിരുവനന്തപുരത്തെ ഫ്ലാറ്റ് കച്ചവടവും അൻവർ വാർത്താ സമ്മേളനത്തിൽ പരസ്യപ്പെടുത്തിയിരുന്നു.
ആർ എസ എസ ക്യാമ്പിൽ പോയി നേതാക്കളുമായി എ ഡി ജി പി നടത്തിയ കൂടിക്കാഴ്ച്ചയും അൻവർ എം എൽ എ യാണ് വെളിച്ചത്ത് കൊണ്ടുവന്നത്. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും ശശി കള്ള കടത്തുകാരിൽ നിന്നും പങ്ക് പറ്റുന്നുണ്ടെന്നും കൂടി അൻവർ ആരോപിച്ചു.
അൻവറിന്റെ ആരോപണങ്ങൾ ഭരണത്തെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയപ്പോൾ മുഖ്യമന്ത്രി തന്നെ അൻവറിനെതിരെ രംഗത്തു വരികയായിരുന്നു. അൻവറിനു കമ്മ്യുണിസ്റ് പാരമ്പര്യമില്ലെന്നും അൻവറിന് കോൺഗ്രസ് പാരമ്പര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാണ് പാർട്ടി അൻവറിനെതിരെ വാർത്താക്കുറിപ്പ് ഇറക്കുന്നത്.
പാർട്ടി അൻവറിനെ കയ്യൊഴിഞ്ഞെങ്കിലും അൻവർ ഉയർത്തിയ വിമർശനങ്ങളും ആരോപണങ്ങളും ശരിയാണെന്ന വിശ്വാസത്തിലാണ് പാർട്ടി അണികൾ. പാർട്ടിയുടെ വാർത്താകുറിപ്പിനടിയിലും നേതാക്കളുടെ പങ്കുവെക്കലിന് താഴെയും സൈബർ സഖാക്കൾ മനസ് തുറക്കുകയാണ്.
പാർട്ടിയാണ് വലുത്, പിണറായിയല്ല, പിണറയിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്. ജനങ്ങൾ അൻവറിനൊപ്പം ഇത് മനസ്സിലാക്കിയില്ലെങ്കിൽ 2026 ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും എന്നൊരാൾ കുറിച്ചിട്ടുണ്ട്. നേരിനൊപ്പം അൻവറിനൊപ്പെം എന്ന കമാൻഡ് ആണ് കൂടുതൽ. പിണറായിക്ക് ശേഷവും ഇവിടെ പാർട്ടി നിലനിൽക്കണമെന്നാണ് അധികപേരും പറയുന്നത്