41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട് ഉരുൾപൊട്ടൽ: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണം: അഡ്വ. ടി സിദ്ധിഖ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി കൽപറ്റ എം എൽ എ അഡ്വ. ടി സിദ്ധിഖ് രംഗത്ത്. ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണ് തെരച്ചില്‍ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തെരഞ്ഞു. അന്ന് അഞ്ച് ശരീരാവശിഷ്ടങ്ങളാണ് ലഭിച്ചത്. അതിന് ശേഷവും നിലമ്പൂരില്‍ നിന്ന് ഒരു ശരീരഭാഗം കൂടി കിട്ടി. ഉറ്റവരുടെ ശരീരാവശിഷ്ടങ്ങള്‍ ഇപ്പോഴും ഭൂമിക്കടിയിലും പുറത്തുമായി കിടക്കുകയാണ്. എന്നാല്‍, തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ് എന്ന് എം എൽ എ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

തെരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വലിയ പാളിച്ചയാണുണ്ടായത് എന്നും അദ്ദേഹം ആരോപിച്ചു. തുടക്കത്തില്‍ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും കലക്ടറോടും നിരന്തരമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതില്‍ നിന്നും വലിയ പുറകോട്ടുപോക്കാണ് ഉണ്ടായത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്താനായത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തെരച്ചിലിന്റെ കാര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.ധനസഹായവിതരണം ഇത്രയും ദിവസമായിട്ടും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തും, സര്‍വകക്ഷിയും, പ്രദേശത്തെ ക്ലബ്ബുകളടക്കമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിനെ സഹായിക്കാന്‍ ഇത് കൊണ്ട് കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം കമ്മിറ്റി തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിസഭാ ഉപസമിതിയില്‍പ്പെട്ട മന്ത്രിമാരാണ്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കേള്‍ക്കുന്ന സാഹചര്യമാണ്. സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും എം എല്‍ എ പറഞ്ഞു.
ദുരന്തബാധിതരുടെ തുടര്‍ചികിത്സയും താളം തെറ്റിയിരിക്കുകയാണ്. വായ്പയെടുത്തത് എഴുതിത്തള്ളുന്നില്ല. ജീവനോപാദി സമ്പൂര്‍ണമായി നഷ്ടപ്പെട്ടത് പുനക്രമീകരിക്കാന്‍ തയ്യാറാകുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന കുട്ടികളുടെ ഫീസടക്കേണ്ട സമയമായി. അവിടെയും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം നടപടിയുണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യം ആഴ്ചകളായി ജില്ലയില്‍ ഇല്ലെന്നത് ദുരന്തപരിഹാര ശ്രമങ്ങളുടെ വീഴ്ചയുടെ ആഴം കൂട്ടുന്നതാണ്. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ വിഷയം നിയമസഭയില്‍ അവതരിപ്പിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ കോണ്‍ഗ്രസും, യു ഡി എഫും പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നും എം എല്‍ എ പറഞ്ഞു. വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, വി എ മജീദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles