റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് “മിന – കേളി സോക്കർ 2024″ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ അടുത്ത ആഴ്ച നടക്കും. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ് സി, ലാന്റേൺ എഫ് സി, റിയൽ കേരള എഫ് സി, അൽഖർജ് നൈറ്റ് റൈഡേഴ്‌സ് എന്നിവർ സെമിഫൈനലിൽ കടന്നു.
ക്വാട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യ എഫ് സിയും ഫെഡ് ഫൈറ്റർസ് റിയാദും തമ്മിൽ മാറ്റുരച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ യൂത്ത് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ പതിനൊന്നാം നമ്പർ താരം അഖിൽ ടീമിനെ മുന്നിലെത്തിച്ചു. പതിനേഴാം മിനുട്ടിൽ പന്ത്രണ്ടാം നമ്പർ താരം നുഫൈൽ നേടിയ മനോഹരമായ ഗോളിലൂടെ യൂത്ത് ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. മികച്ച അവസരങ്ങൾ ഒരുക്കി നൽകിയും അച്ചടക്കത്തോടെയുള്ള കളിയും പരിഗണിച്ച് യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമിനെ നല്ല കളിക്കാരനായി തിരഞ്ഞെടുത്തു.
വിർച്വൽ സൊലൂഷ്യൻ ലോജിസ്‌റ്റിക് സുലൈ എഫ് സി – അൽ ഹവാസിം സ്വീറ്റ്‌സ് ലാന്റെൺ എഫ് സിയും തമ്മിൽ മാറ്റുരച്ച രണ്ടാമത്തെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ അത്യന്തം വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി ലാന്റേൺ എഫ് സി സെമിയിൽ കടന്നു. കളിയിലെ കേമനായി ലാന്റേൺ എഫ് സി താരം ആദിലിനെ തിരഞ്ഞെടുത്തു.
കാന്റിൽ നൈറ്റ് ട്രെയ്‌ഡേഴ്സിങ്ങ് കമ്പനി റിയൽ കേരള എഫ് സിയും റെഡ്സ്റ്റാറും എഫ് സിയും തമ്മിലുള്ള മൂന്നാമത്തെ മത്സരത്തിൽ ഒരു ഗോളിന് റിയൽ കേരള എഫ് സി വിജയിച്ചു. കളി അവസാനിക്കാൻ രണ്ട് മിനുട്ട് ബാക്കിയിരിക്കെയാണ് റിയൽ കേരളയുടെ ആറാം നമ്പർ താരം നജീബ് മനോഹരമായ ഗോൾ നേടിയത്. മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതും നജീബിനെയായിരുന്നു.
അൽഖർജ് നൈറ്റ് റൈഡേഴ്സ് റിയാദ് ബ്ലാസ്റ്റേഴ്സും ഡബ്ല്യൂ എം എഫ് അൽഖർജും തമ്മിൽ മാറ്റുരച്ച നാലാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് അൽഖർജ് നൈറ്റ് റൈഡേഴ്‌സ് വിജയം കരസസ്ഥമാക്കി. നൈറ്റ് റൈഡേഴ്‌സിനുവേണ്ടി മൂന്നാം നമ്പർ താരം ഷിബിനും അഞ്ചാം നമ്പർ താരം റാഷീക്കും ഒരോ ഗോൾ വീതം നേടി.
അൽഖർജ് നൈറ്റ് റൈഡേഴ്‌സ് താരം റാഫിയെയാണ് മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്. സെമി ഫൈനൽ മത്സരങ്ങൾ ഒക്ടോബർ പത്തിന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ് സി – ലാന്റേൺ എഫ് സിയേയും, റിയൽ കേരള എഫ് സി – അൽഖർജ് നൈറ്റ് റൈഡേഴ്‌സിനെയും നേരിടും.