എറണാകുളം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി മൂലം പെരുവഴിയിലായ അമ്മക്കും മകൾക്കും സഹായ ഹസ്തവുമായി ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും നാല് ലക്ഷം രൂപ വായ്പ എടുത്തത് തിരിച്ചടക്കാനാവാത്തതിനാൽ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് സന്ധ്യയും മകളും ദുരിതത്തിലായത്.
വടക്കേക്കര പഞ്ചായത്തിൽ താമസിക്കുന്ന സന്ധ്യയാണ് ജപ്തി നടപടി നേരിട്ടത്. സന്ധ്യയുടെയും കുടുംബത്തിന്റെയും മുഴുവൻ ബാധ്യതയും ലുലു ഗ്രൂപ് ഏറ്റെടുക്കും. ധനകാര്യ സ്ഥാപനത്തിന് നൽകാനുള്ള എട്ട് ലക്ഷം രൂപയും ഇന്ന് തന്നെ ലുലു സ്ഥാപനത്തിന് കൈമാറി. രാവിലെ വീടിന്റെ താക്കോൽ കുടുംബത്തെ ഏൽപിക്കുമെന്നു ലുലു ഗ്രൂപ് അറിയിച്ചു.
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പൂർത്തിയാക്കാനാണ് വായ്‌പ എടുത്തിരുന്നത്. ഇത് സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശനും ധനകാര്യ സ്ഥപനവുമായി സംസാരിച്ചിരുന്നു. കുടുംബത്തിന്റെ ബാധ്യത ഏറ്റടുക്കാമെന്ന് പ്രതിപക്ഷ നേതാവും ബാങ്കിനെ അറിയിച്ചിരുന്നു