കാസറഗോഡ്: ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയും ലീഗും തമ്മിലുള്ള ഐക്യം തകർക്കാൻ ശത്രുക്കൾ ശ്രമിക്കുന്നു. ചിലർ ശത്രുക്കൾക്കൊപ്പം നിൽക്കുന്നു, അവരെ സ്നേഹത്തോടെ തിരുത്തണം. രാഷ്ട്രീയ നേതൃത്വവും മതപണ്ഡിതന്മാരും ഒരുമിച്ചു നിൽക്കണം. അതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകർക്കരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സമസ്ത – മുസ്‌ലിം ലീഗ് ഐക്യം നിലനിൽക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. ഐക്യം തകർക്കാൻ ശൈത്താൻ പ്രവർത്തിക്കുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്നുണ്ട്. പറയാത്ത വാർത്തകൾ വരെ പ്രചരിക്കുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുസ്‌ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാരാണ്, ചില രാഷ്ട്രീയ നേതാക്കൾക്കാണ് ഇതിൽ താൽപര്യമെന്നും ഉമർ ഫൈസി വിമർശിച്ചിരുന്നു. ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലുള്ള വിമർശനമായിരുന്നു ഫൈസിയുടേത് വിലയിരുത്തപ്പെട്ടിരുന്നു. ഈ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുർന്ന് ഉമർ ഫൈസിക്കെതിരെ മുസ്‌ലിം ലീഗ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.