ബുറൈദ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരണപെട്ടു. അമിത വേഗതയിൽ പിറകിലേക്കെടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടിയതിനെ തുടർന്ന് ഗുരുതര പരുക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫി(54)യാണ് മരണപെട്ടത്.
കഴിഞ്ഞ മാസം 28 ന് രാത്രി ബുറൈദ ദാഹിലിയ മാർക്കറ്റിൽ (സൂക്ക് ദാഹിലിയ) വെച്ചായിരുന്നു അപകടം നടന്നത്. സുഹൃത്തിനൊപ്പം മാർക്കറ്റിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം. പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന കാർ റാഫിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാഫി അഞ്ചാം ദിവസം മരണപ്പെടുകയായിരുനു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
വയനാട് സുൽത്താൻബത്തേരി സ്വദേശിയായ റാഫി 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബുറൈദ ഖലീജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
പിതാവ്: കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ, മാതാവ്: ഖദീജ മുഹമ്മദ്, ഭാര്യ: ഹാജറ. മക്കൾ:അനസ്, അനീഷ്, റഫാൻ