പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിലാസങ്ങൾ നൽകിയും ചേർത്തതായി കണ്ടെത്തൽ. പുതുതായി ചേർത്ത പലർക്കും കൃത്യമായ വിലാസമോ വീട്ടുപേരോ വീട്ടുനമ്പറോ ഇല്ലെന്ന് പറയുന്നു. വ്യാജ ഐ ഡി ഉപയോഗിച്ചും ആളുകളെ ചേർത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു സ്വകര്യ ചാനൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തു വന്നത്.
തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായും ചാനൽ റിപ്പോർട്ടർമാർ സൂചിപ്പിക്കുന്നു. മലമ്പുഴ മണ്ഡലത്തിലെ വോട്ടർമാർക്ക് പാലക്കാടും വോട്ടുണ്ട്. ഇവർക്ക് വീട്ടുപേരും വീട്ടുനമ്പറുമില്ല, വിലാസവും ശരിയല്ല. തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും വ്യത്യസ്തമാണ്. അവസാന ദിവസങ്ങളിലാണ് ഇവരെ ലിസ്റ്റിൽ ചേർത്തത്.
ലിസ്റ്റിലുള്ള പലരും അവർക്ക് പാലക്കാട് മണ്ഡലത്തിൽ വോട്ടുള്ളതായി അറിയില്ലെന്നാണ് സ്വകര്യ ചാനലിന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. പലർക്കും തെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായും കൈപറ്റിയതായും രേഖകൾ കാണുന്നുണ്ടെങ്കിലും ആരും കൈപറ്റിയിട്ടില്ലെന്നും പറയുന്നു.