ന്യൂഡൽഹി: ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള കെ വി തോമസിന് നൽകി.
വയനാട്ടിലെ ചൂരൽ മല മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു കേരളത്തിന് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കി മറുപടി നൽകിയത്. പ്രളയവും ഉരുൾപൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്.
ദുരന്തവിവരണ നിധിയിലേക്ക് ഈ സാമ്പത്തിക വർഷം 388 കോടി രൂപ നൽകിയതായും കത്തിൽ പറയുന്നു. ജൂലൈ നവംബർ മാസങ്ങളിലാണ് മേൽ തുക കൈമാറിയത്. കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിൽ 395 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് കേരളത്തിൻറെ അകൗണ്ടൻറ് ജനറൽ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിനുള്ള ഫണ്ട് കേരളത്തിന്റെ പക്കലുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്