ന്യൂഡൽഹി: ബലാൽസംഗക്കേസിൽ നടൻ സിദ്ധീഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്‌താൽ നടനെ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ബലാൽസംഗക്കേസിൽ പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ് നടനുള്ളത്. അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബഞ്ചാണ് അപേക്ഷ പരിഗണിച്ചത്. സിദ്ധീഖിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞയാഴ്‌ച നടക്കേണ്ട കേസ് ഇന്നത്തേക്ക് മാറ്റിയത്.
സിദ്ധീഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദിച്ചത്. ബലാൽസംഗ കേസിൽ സർക്കാർ റിപ്പോർട്ടിനെതിരെ നേരത്തെ സിദ്ധീഖ് മറുപടി സത്യവാങ് മൂലം സമർപ്പിച്ചിരുന്നു. വളച്ചുവെച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത വിഷയങ്ങൾ വരെ പോലീസ് റിപ്പോർട്ടിലുണ്ടെന്നും പോലീസ് ഇല്ല കഥ മെനയുകയാണെന്നുമായിരുന്നു സിദ്ധീഖിന്റെ വാദം