കല്‍പ്പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചകള്‍ക്കെതിരെ യു ഡി എഫും എല്‍ ഡി എഫും പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താലില്‍ വയനാട് നിശ്ചലം. 12 മണിക്കൂര്‍ ഹര്‍ത്താലിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാര്‍ അതിര്‍ത്തികളില്‍ കുടുങ്ങി. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഇരുമുന്നണികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിനോടനുബന്ധിച്ചുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ക്കെതിരെയാണ് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍.
ഇതിനിടെ, വയനാട് ദുരന്തബാധിതര്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരില്‍ ഇന്ത്യാ സഖ്യം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി.മുരളീധരന്‍ പറഞ്ഞു. അധിക ധനസഹായം നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.