കൊച്ചി: മുനമ്പം വിഷയത്തിൽ ഉന്നതതല സമിതി തീരുമാനത്തിന് പിന്നാലെ സമര സമിതിയുടെ നേതൃത്വത്തിൽ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജുഡീഷ്യൽ സമിതി പരിശോധിക്കുമെന്ന നിർദ്ദേശത്തെ സമര സമിതി തള്ളി.
തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സമര സമിതി അംഗങ്ങൾ ചോദിച്ചു. ഭൂമി വിലകൊടുത്തു വാങ്ങിയവരാണ് മുനമ്പത്ത് താമസിക്കുന്നവർ അധികവും. ഇനിയും ഉടമസ്ഥാവകാശം പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല.
ഇതെല്ലം നേരത്തെ പരിശോധിച്ചതാണ്. ഇനിയും എന്തിനാണ് പരിശോധന എന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാർ തീരുമാനം താമസിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുന്നതാണ്. അതിനാൽ സമരം ശക്തമാക്കും. ഞങ്ങൾക്ക് നീതി ലഭിച്ചില്ല. സർക്കാർ തീരുമാനം അംഗീകരിക്കില്ല, മരണം വരെ സമരം ചെയ്യും സമിതി നേതാക്കൾ അറിയിച്ചു.