ന്യൂഡൽഹി: വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ അമിത്ഷായെ കണ്ടു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഈ വിഷയവുമായി കേന്ദ്രം സ്വീകരിച്ച നടപടികൾ വ്യാഴാഴ്‌ച വൈകുന്നേരത്തോടെ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഉരുൾ പൊട്ടലിൽ ഒരു പ്രദേശം ഒന്നാകെ ഒലിച്ചു പോയി. ദുരിത ബാധിതർക്ക് എല്ലാം നഷ്ടപ്പെട്ടു. കുടുംബത്തിലെ മുഴുവൻ ആളുകളും നഷ്ടപെട്ടവരുണ്ട്. ചെറിയ കുട്ടികൾ അവശേഷിച്ചവരുണ്ട്. അവർക്ക് മറ്റൊരു ആശ്രയവുമില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ അത് മോശമായ സന്ദേശമാണ് ഇരകൾക്കും സമൂഹത്തിനും നൽകുന്നതെന്നും പ്രയങ്ക പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ കഷ്ടപ്പാടുകളും വേദനയും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് പറഞ്ഞതായും അദ്ദേഹം എല്ലാം ശ്രദ്ധയോടെ കേട്ടെന്നും പ്രിയങ്ക അറിയിച്ചു