35 C
Saudi Arabia
Friday, October 10, 2025
spot_img

പ്രവാസികൾ നാടിൻറെ സംരക്ഷകർ; അഡ്വ. ബിന്ദു കൃഷ്ണ.

ദമ്മാം: ദമ്മാം ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിററിയുടെ വാർഷികാഘോഷം “കൊല്ലപ്പകിട്ട് 2k25” എന്ന പേരിൽ സംഘടിപ്പിച്ചു. ഫൈസലിയയിലുള്ള ഹയ്യ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നൂറ് കണക്കിന് ഒ ഐ സി സി പ്രവർത്തകർ പങ്കെടുത്തു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവും മുൻ കൊല്ലം ഡി സി സി അഡ്വ: ബിന്ദു കൃഷ്ണ മുഖ്യാതിഥിയായിരുന്നു.

പ്രവിശ്യയിലെ പ്രമുഖ കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം നടന്ന സംസ്കാരിക സമ്മേളനം ജില്ലാ പ്രസിഡന്റ് സുരേഷ് റാവുത്തറിന്റെ അദ്ധ്യക്ഷതയിൽ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഇ കെ സലിം ഉദ്ഘാടനം ചെയ്തു.സൗദി നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുഖ്യതിഥി കടന്നു വന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ജീവിത നാൾ വഴികൾ വിവരിച്ചുകൊണ്ട് സൂഫിയ ഷിനാസ് അഡ്വ. ബിന്ദു കൃഷ്ണയെ സദസ്സിന് പരിചയപ്പെടുത്തി.

സദസ്സിനെ ഒന്നടങ്കം ആവേശഭരിതമാക്കിയ പ്രഭാഷണത്തിലൂടെ മുഖ്യതിഥി അഡ്വ: ബിന്ദു കൃഷ്ണ വർത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ വിശദമായി വരച്ചു കാട്ടി. കേരളത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി നാടിനെ സംരക്ഷിക്കുന്നവരാണ് പ്രവാസികൾ. ഒ ഐ സി സി യുടെ പ്രവർത്തന രീതികൾ അഭിനന്ദനീയവും മാതൃകാപരവുമാണ്. കോൺഗ്രസ്സ് പാർട്ടിക്കായി നിസ്തുല സേവനം ചെയ്യുന്ന ഒ ഐ സി സി പ്രവർത്തകരെ അതാത് പാർട്ടി ഘടകങ്ങളിൽ ഉൾക്കൊള്ളാനുള്ള ശ്രമം നടത്തും എന്ന് ശ്രീമതി ബിന്ദു കൃഷ്ണ സദസ്സിന് ഉറപ്പ് നൽകി.

വരുന്ന തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരള ചർച്ച ചെയ്യുന്ന വലിയ വിജയം കൊല്ലം ജില്ലയിൽ കോൺഗ്രസ്സും യു ഡി എഫും നേടിയെടുക്കുമെന്ന് അവർ പറഞ്ഞു. സംസ്ഥാനം ഒട്ടാകെ കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനുകൾ വിളിച്ച് ബൂത്ത് തല പ്രവർത്തകരെ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സജ്ജമാക്കാൻ പാർട്ടി നേതൃത്വം ശക്തമായ പ്രവർത്തനത്തിലാണ്. ആയതിനാൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ബിന്ദു കൃഷ്ണ ആഹ്വാനം ചെയ്തു.

ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തർ,റീജ്യണൽ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം,റീജ്യണൽ വൈസ് പ്രസിഡൻറ് ഡോ. സിന്ധു ബിനു, റീജ്യണൽ വനിതാവേദി പ്രഡിഡന്റ് ലിബി ജെയിംസ്, കൊല്ലം ജില്ലാ വനിതാ വേദി പ്രതിനിധി മെർലിൻ ലെനി എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. കൊല്ലം ജില്ലാ ഒ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി ഷിനാസ് സിറാജ് സ്വാഗതവും ട്രഷറർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.

സംഘടനയ്ക്കായി ദീർഘകാല സേവനം നടത്തിയ കൊല്ലം ജില്ലാ ഒ ഐ സി സി യുടെ മുതിർന്ന നേതാക്കളായ സലിം ചാത്തന്നൂർ, റഷീദ് പത്തനാപുരം, ജില്ലയിൽ നിന്നും ആരോഗ്യമേഖലയിൽ പ്രശംസനീയ സേവനം നടത്തുന്ന ശൈലജ മജ്റൂഫ്, ബിനു ബിജു കലയപുരം, വിദ്യാഭാസ മേഖലയിൽ കൈയ്യൊപ്പ് ചാർത്തിയ മെർലിൻ ലെനി വൈദ്യൻ എന്നിവരെ മുഖ്യാതിഥി അഡ്വ. ബിന്ദു കൃഷ്ണ മെമൻറ്റോ നൽകി ആദരിച്ചു.

സൗദി പൗരന്മാരായ അബ്ദുള്ള അമ്രി, റമദാൻ , എന്നിവർ പരിപാടിയിൽ ആദ്യാവസാനം വരെ പങ്കെടുക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബുർഹാൻ ലബ്ബ, ഇജാസ്, ബിജു കൊല്ലം, മജ്റൂഫ്, അനസ് ബഷീർ, അൻസാരി അബ്ദുൽ വാഹിദ്, ലെനി തോമസ് വൈദ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് തഴവ, സന റാവുത്തർ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles