കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധനക്കൊരുങ്ങി പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള ചിലരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനക്ക് അയക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നത്. ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ കുഞ്ഞ് കഴിയുന്നത്.
അതെ സമയം പെൺകുട്ടിയുടെ വീട്ടിൽ കയറി ഒരു സംഘം ആളുകൾ അതിക്രമം കാണിച്ചുവെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പരാതിയിൽ നാലുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. അതിനിടെ പോലീസിനെ ആളുകൾ കയ്യേറ്റം ചെയ്‌ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.
പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം വാക്കേറ്റത്തിൽ ഏർപ്പെടുകയും പിതാവിനെ മർദ്ദിക്കുകയും ചെയ്‌തു. മർദ്ദനത്തെ തുടർന്ന് സമീപത്തെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ച പിതാവിനെ അവിടെ വെച്ചും ആളുകൾ മർദിച്ചു. സ്ഥലത്ത് പോലീസ് കാവൽ തുടരുകയാണ്