ന്യൂ ഡൽഹി: ഇന്ത്യയിലെ വിമാനത്താവളങ്ങൾ അടച്ചെന്നത് സ്ഥിരീകരിക്കാത്ത വാർത്തകൾ.എന്നാൽ സുരക്ഷയുടെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങൾക്കും നല്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇരു രാജ്യങ്ങളുടെയും ആകാശമേഖലയിൽ മാറ്റങ്ങൾ വരുത്തിയതായി വിമാന യാത്ര വിവരങ്ങൾ നൽകുന്ന ഫ്ലൈറ്റ് റഡാർ ആപ്ലിക്കേഷനിലെ വിവരങ്ങൾ. അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇപ്പോൾ പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ, ഈ മേഖലയിലെ ആകാശഗതാഗതത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം ഇന്ത്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും ആകാശ ഗതാഗതം സജീവമായി തുടരുന്നതായാണ് ഫ്ലൈറ്റ് റഡാർ ആപ്ലിക്കേഷനിലെ നിലവിലെ സ്റ്റാറ്റസ് കാണിക്കുന്നത്.
സുരക്ഷയുടെ ഭാഗമയി പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള 25 ഓളം വിമാനത്താവളങ്ങൾ താൽക്കാലികമായി ഇന്ത്യ അടച്ചിട്ടിരിക്കുകയാണ്. ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ചണ്ഡീഗഢ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത് ആഭ്യന്തര വിമാന സർവീസുകളെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമപാതയിലൂടെ പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഏകദേശം 25 റൂട്ടുകൾ അടച്ചിട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്ഥാന്റെ വ്യോമപാതയിലൂടെ കടന്നുപോകുന്ന വിമാനങ്ങൾക്ക് തടസ്സങ്ങളുണ്ടാകുന്നതിനാൽ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും തങ്ങളുടെ റൂട്ടുകൾ മാറ്റി ദീർഘമായ റൂട്ടുകളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാക്കുന്നു.
വ്യോമപാത പൂർണ്ണമായി അടച്ച പാക്കിസ്ഥാൻ പിന്നീട് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും പാക്കിസ്ഥാന്റെ ആകാശത്ത് കാര്യമായ ഗതാഗതം ഫ്ലൈറ്റ് റഡാർ ആപ്ലിക്കേഷനിൽ കാണുന്നില്ല.
ലാഹോറിന് മുകളിലുള്ള ചില വ്യോമമേഖലകൾ 24 മണിക്കൂർ കൂടി അടച്ചിടും എന്നാണ് പാക്കിസ്ഥാനിൽ നിന്നുള്ള വാർത്തകൾ.
ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമമാണെങ്കിലും, വിമാനങ്ങൾക്ക് എയർ ട്രാഫിക് കൺട്രോളിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
ഡൽഹി വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. വ്യോമമേഖലയിലെ മാറ്റങ്ങൾ കാരണം ചില വിമാനങ്ങൾക്ക് കാലതാമസങ്ങളോ റൂട്ടിൽ മാറ്റങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടേണ്ടതാണ്. ഇന്ത്യൻ വ്യോമയാന അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, വരും ദിവസങ്ങളിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഫ്ലൈറ്റ് റഡാർ പോലുള്ള ആപ്ലിക്കേഷനുകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കുക.