റിയാദ്: ടൂറിസം രാജ്യത്തിൻറെ പ്രധാന വരുമാന സ്രോതസ്സായി അതിവേഗം മാറി കൊണ്ടിരിക്കുകയാണെന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന സൗദി-യുഎസ് നിക്ഷേപ ഫോറം പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി. വിഷൻ 2030 ൻറെ ഭാഗമായി സമഗ്രമായ പരിഷ്‌കാരണങ്ങളും വരുമാന സ്രോതസ്സുകളുടെ വൈവിധ്യ വൽക്കരണവും നടന്നു കൊണ്ടിരിക്കുകയാണ്.
വിഷൻ 2030 പൂർത്തിയാവുമ്പോൾ രാജ്യത്തിൻറെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ടൂറിസം മേഖല എണ്ണ ഉത്പാദനത്തിന് തുല്യമാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2019 ന് ശേഷം ജിഡിപിയിൽ അഞ്ചു ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും 10 ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യം വൈകാതെ പൂർത്തീകരിക്കുമെന്നും അടുത്ത വർഷങ്ങളിൽ ടൂറിസം രാജ്യത്തിൻറെ പുതിയ എണ്ണയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷൻ 2030 പ്രഖ്യാപിച്ച ശേഷം 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വേഗത്തലും എളുപ്പത്തിലും ഇലക്‌ട്രാണിക് വിസ നൽകി ടൂറിസം മേഖലയെ പരിഷ്‌കരിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും അഞ്ചു മിനിറ്റിനുള്ളിൽ ഇലക്ട്രോണിക് വിസകൾ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മതപരമായ തീർത്ഥാടനം, ബിസിനസ്, വിനോദം തുടങ്ങിയ മേഖലകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിൽ പുതിയ വിസ സമ്പ്രദായത്തിന് വലിയ പങ്കു വഹിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.