ജിദ്ദ: സേവന സന്നദ്ധരായ വളണ്ടിയർമാർക്കുള്ള പരീശീലനം നൽകുന്നതിന്റെ ഭാഗമായി ലബൈക്ക് ഹജ്ജ് നാവിഗേറ്റർ ആപ്പിനെ കുറിച്ചുള്ള പരിശീലനം സംഘടിപ്പിച്ചു. ഹജ്ജ് സേവന രംഗത്ത് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ പ്രവർത്തിച്ചു വരുന്ന സംഘമായ ഐ.സി.എഫ് – ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോറിൻറെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ജിദ്ദ മർഹബയിലായിരുന്നു പരിശീലനം.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വളണ്ടിയർ സേവനം കൂടുതകൾ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗമായി ICF – RSC ഹജ് വളണ്ടിയർ കോർ വികസിപ്പിച്ചെടുത്ത ലബൈക്ക് ഹജ്ജ് നാവിഗേറ്റർ ആപ്പിനെ കുറിചുള്ള പഠനം മൻസൂർ ചുണ്ടമ്പറ്റ നിർവഹിച്ചു.
ഹജ്ജ് യാത്രക്കിടയിൽ മക്കയിലെയും മദീനയിലെയും പ്രധാന പുണ്യസ്ഥലങ്ങളിലേക്കുള്ള വിവരണം, ഇന്ത്യൻ ഹജ്ജ് മിഷൻ ഹോസ്പിറ്റലുകൾ, മക്കയിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ, മക്കയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, തീർത്ഥാടരുടെ ലൊക്കേഷനുകൾ, ഹോട്ടലുകൾ മക്കയിലെ അസ്സീസിയ ഉൾപ്പടെയുള്ള പ്രധാന സ്ഥലങ്ങളിലെ ബിൽഡിംഗ്, മിനായിലെ ടെന്റുകൾ, ഹറമിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ആശ്രയിക്കേണ്ട ബസ് സ്റ്റാന്റുകളുടെ വിവരങ്ങൾ തുടങ്ങിയവ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹാജിമാരുടെ ലഗേജുകൾ നഷ്ടപെട്ടാൽ ലഭിക്കുന്ന സ്ഥലങ്ങൾ, മക്കയിലെ റെസ്റ്റോറൻ്റുകൾ സൂപ്പർമാർക്കറ്റുകൾ തുടങ്ങി പ്രധാന സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും ലൊക്കേഷനുകൾ തുടങ്ങി ഹാജിമാർക്ക് ആവശ്യമായ മുഴുവൻ വിവങ്ങളും ലഭ്യമാകുന്നവിധത്തിലാണ് ലബ്ബൈക്ക് – ഹജ്ജ് നാവിഗേറ്റർ ആപ്പ് സംവിധാനിച്ചിട്ടുള്ളത്.
വഴിതെറ്റിയ ഹാജിമാർക്ക് ലബ്ബൈക്ക് ആപിൽ സജ്ജീകരിച്ചിരിക്കുന്ന SOS ബട്ടൺ അമർത്തിയാൽ അവർ നിൽക്കുന്ന ലൊക്കേഷൻ എച്ച് വി സി ഹെല്പ് ഡെസ്ക്ക് നമ്പറിർ എത്തുകയും അതുവഴി കാണാതായവരെ വേഗത്തിൽ കണ്ടെത്താൻ കഴിയുകയും ചെയ്യുന്ന ഫീച്ചേഴ്‌സും, ഓരോ ദിവസവും വരുന്ന ഹാജിമാരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളും, ഹാജിമാർക്ക് ആവശ്യമുള്ള പ്രധാന നോട്ടിഫിക്കേഷനുകൾ എത്തുന്ന സംവിധാനങ്ങളും, വളണ്ടിയർമാരുടെ സേവനം ലഭിക്കാനുള്ള ഓട്ടോമാറ്റിക്ക് കാൾ ബട്ടനുകളും അടക്കം ഹാജിമാർക്കും വളണ്ടിയേഴ്‌സിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് മൊബൈൽ ആപ് സംവിധാനിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐ ഒ എസ് സ്റ്റോറുകളിൽ ലബ്ബൈക് ആപ് ലഭ്യമാണ്. കഴിഞ്ഞ ദിവസം നടന്ന ഒന്നാംഘട്ട പരിശീലന പരിപാടികളിൽ സംബന്ധിക്കാൻ കഴിയാത്തവർക്കുള്ള സിറ്റിംഗ് മാപ് പഠനം മുഹ്‌സിൻ സഖാഫി നേതൃത്വം നൽകി, വളണ്ടിയർ ലക്‌ഷ്യം, സേവന മാതൃകകകൾ എന്ന വിഷയത്തിൽ യഹ്‌യ ഖലീൽ നൂറാനി സംസാരിച്ചു. ബഷീർ എറണാംകുളം ഉൽഘടനം നിർവഹിച്ചു. സൈഫുദ്ധീൻ പുളിക്കൽ, സാദിഖ് ചാലിയാർ സംസാരിച്ചു.