കോഴിക്കോട്: കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്ക് കപ്പൽ അപകടത്തിൽ പെട്ടു. കോഴിക്കോട് തീരത്ത് വെച്ചാണ് കപ്പൽ അപകടത്തിൽ പെട്ടത്. കപ്പലിൽ നിന്നും ജീവ രക്ഷാർഥം കടലിൽ ചാടിയ 18 പേരെ കോസ്റ്റ് ഗാര്ഡും നേവിയും ചേർന്ന് രക്ഷപെടുത്തി. നാല് പേരെ കാണാനില്ലെന്ന് റിപ്പോർട്ടുണ്ട്. രക്ഷപെട്ട ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. കാണാതായ നാല് ജീവനക്കാരിൽ രണ്ടുപേർ തായ്‌വാൻകാരും രണ്ടു പേർ ഇന്തോനേഷ്യ, മ്യാന്മാർ സ്വദേശികളാണ്. കപ്പലിൽ ഇന്ത്യക്കാരില്ലെന്നാണ് അറിയുന്നത്. ചൈനീസ്, മ്യാന്മാർ,ഇന്തോനേഷ്യൻ, തായ്‌ലൻഡ് സ്വദേശികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും ഇന്ത്യൻ നേവിയും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
വെള്ളത്തിൽ വീണാൽ അപകട സ്വഭാവമുള്ള വസ്‌തുക്കളും തീ പിടിക്കുന്ന വസ്തുക്കളുമാണ് കണ്ടെയിനറിലുള്ളതെന്നാണ് വിവരം. കോസ്റ്റ് ഗാർഡിൻറെ ആറു കപ്പലുകൾ കൂടി ദൗത്യത്തിന് നിയോഗിച്ചിട്ടുണ്ട്. ഐഎൻഎസ് സൂറത്ത് ഉടൻ സ്ഥലത്ത് എത്തിചേരും. തീ അണക്കൽ വെല്ലുവിളിയാണെന്നും തനിയെ തീ പിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ കപ്പലിൽ ഉണ്ടായിരിക്കുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കപ്പലിന്റെ താഴത്തെ ഡെക്കിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ഡെക്കിൽ പൊട്ടിത്തെറി ഉണ്ടായതായും അറിയുന്നു, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കുറച്ചു കണ്ടൈനർ വെള്ളത്തിൽ വീണിട്ടുണ്ട്. അതിന്റെ ഉള്ളിലുള്ള വസ്തുക്കളുടെ സ്വഭാവം എന്താണെന്ന് അറിയില്ലെന്നും അതുൽ പിള്ള അറിയിച്ചു. ആവശ്യമെങ്കിൽ ബേപ്പൂരിൽ ഇമിഗ്രേഷൻ അനുവദിക്കുമെന്നും നാവിയോ കോസ്റ്റ് ഗാർഡോ അത്തരം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും കെഎംബി ചെയർമാൻ അറിയിച്ചു. കോഴിക്കോട് നിന്നും 88 നോട്ടിക്കൽ മൈ ദൂരെയാണ് കപ്പൽ അപകടത്തിൽ പെട്ടത്.