നജ്‌റാൻ: സനയിൽ നിന്ന് സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരം പിടിച്ചെടുത്തതായി യെമൻ അതിർത്തി അധികൃതർ അറിയിച്ചു. സൗദി-യെമൻ അതിർത്തി ക്രോസിംഗിൽ ഒരു റഫ്രിജറേറ്റഡ് ട്രക്കിന്റെ മേൽക്കൂരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.5 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളാണ് അതിർത്തി സേന പിടിച്ചെടുത്തത്.
റഫ്രിജറേറ്റഡ് ട്രക്കിൽ വിദഗ്‌ദമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ കണ്ടെത്തിയതെന്ന് അൽ-വാദിയ ബോർഡർ ക്രോസിംഗിലെ ബോർഡർ സെക്യൂരിറ്റി ആൻഡ് പ്രൊട്ടക്ഷൻ ബറ്റാലിയന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഒമൈർ അൽ-അസാബ് പറഞ്ഞു. ട്രക്കിനെക്കുറിച്ച് സംശയം തോന്നിയ ചെക്ക്‌പോയിന്റ് ഉദ്യോഗസ്ഥർ അതിർത്തി കടന്നുള്ള ചെക്ക്‌പോയിന്റിന് മുമ്പുള്ള ‘ആയുധ ചെക്ക്‌പോയിന്റിലാണ്’ പിടികൂടിയത്. തുടർന്നുള്ള പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
മയക്കുമരുന്നുകൾ യെമൻ തലസ്ഥാനമായ സനയിലെ മയക്കുമരുന്ന് വ്യാപാരികളുടേതാണെന്നും സൗദി അറേബ്യയിലെ ഷാറൂറ നഗരത്തിൽ എത്തിക്കുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്യുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ട്രക്ക് ഡ്രൈവർ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ ഡ്രൈവറിൽ നിന്ന് കണ്ടുകെട്ടുകയും നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികാരികൾക്ക് കൈമാറുകയും ചെയ്‌തതായി ബ്രിഗേഡിയർ ജനറൽ അൽ-അസബ് പറഞ്ഞതായി യമനിയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്തു.
ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്ന ഈ മയക്കുമരുന്ന് കയറ്റുമതി ആശങ്കയുളവാക്കുന്നതാണെന്ന് റിയാദിലെ യെമൻ എംബസിയിലെ ഉപദേഷ്ടാവായ സാലിഹ് അൽ-ബൈദാനി പറഞ്ഞു.