ജറൂസലം: ഇറാന് വീണ്ടും ഭീഷണിയുമായി ഇസ്രായേൽ. ഇറാൻ മിസൈൽ ആക്രമണം തുടർന്നാൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ കത്തുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി. ആർമി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇസ്രായേൽ പൗരന്മാർക്കെതിരെ നാശം വിതക്കുന്ന ഇറാൻ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സ് മുന്നറിയിപ്പ് നൽകി.
ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുല്ല ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങൾ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. ടെഹ്റാനിൽ നിന്നുള്ള ആണവ ബാലിസ്റ്റിക് മിസൈലുകൾ ചെറുക്കുകയാണ് ഇസ്രായേലിൻറെ ലക്ഷ്യമെന്നും രാജ്യം ആ ലക്‌ഷ്യം നേടിയിട്ടുണ്ടെന്നുമായിരുന്നു നെതന്യാഹുവിൻറെ അവകാശവാദം. 20,000 മിസൈലുകൾക്കായി ഉൽപാദനശേഷി വികസിപ്പിക്കാൻ ഇറാന് സാധിക്കുകയെന്നത് ഞങ്ങൾക്ക് താങ്ങാനാവില്ല.
അതിനാലാണ് അവരുടെ ഉൽപാദനശേഷി നശിപ്പിക്കാൻ തീരുമാനിച്ചത്. അതാണ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്. ടെഹ്‌റാനിലേക്കുള്ള പാത ഞങ്ങൾ ഒരുക്കി. സമീപ ഭാവിയിൽ തന്നെ ഇസ്രായേലി വിമാനങ്ങളെയും ഇസ്രായേലി വ്യോമസേനയെയും പൈലറ്റുമാരെയും ടെഹ്‌റാൻറെ ആകാശത്ത് കാണാം. എന്നും ബഞ്ചേമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.