റിയാദ് : സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ ബന്ധപെട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ശനിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ കിരീടാവകാശി, ഇറാന്റെ പ്രസിഡന്റിനോടും ജനങ്ങളോടും ഇസ്രായേലി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനവും സഹതാപവും പ്രകടിപ്പിച്ചതയാണ് വാർത്ത.
ഇസ്ലാമിക് റിപ്പബ്ലിക്കിക് ഓഫ് ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനവുമായ ആക്രമണങ്ങളെ രാജ്യം അപലപിക്കുകയും ചെയ്യുന്നുവെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന സംഭാഷണത്തെ, ഇസ്രായിലിന്റെ ആക്രമണങ്ങൾ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്താനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും സൗദി കിരീടാവകാശി ഊന്നിപ്പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള അടിത്തറയായി സംഭാഷണത്തിന്റെ പ്രാധാന്യത്തെ അദ്ദേഹം എടുത്തുകാട്ടി.