മലപ്പുറം: പിണറായി വിജയനും അദ്ദേഹത്തിൻറെ കോക്കസിനും കേന്ദ്ര സർക്കാരിനോടും ആർഎസ്എസിനോടുമുള്ള ബന്ധത്തെ കുറിച്ച് ഞാൻ ഇതുവരെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് പിവി അൻവർ. 1977 ലെ തെരെഞ്ഞെടുപ്പിൽ ആർഎസ്എസുമായി സിപിഎം സഹകരിച്ചിരുന്നുവെന്ന എംവി ഗോവിന്ദന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ.
ആർഎസ്എസുമായി ബന്ധമുള്ള സംഘം ഐഎഎസിലും ഐആർഎസിലും ഐപിഎസിലും വരെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൻറെ മതേതര സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും അൻവർ പറഞ്ഞു. മകളെ സംരക്ഷിക്കാനായി മുഖ്യമന്ത്രി അവരെയെല്ലാം സംരക്ഷിക്കുകയാണ്.
എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ തൃശൂർ പൂരം കലക്കിയത് അതിന്റെ ഭാഗമാണ്. 20 കൊല്ലമായി ഒരു എംപിയെ ഉണ്ടാക്കാൻ ബിജെപി തല കുത്തി മറിഞ്ഞിട്ടും സാധിക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അജിത് കുമാർ സുന്ദരമായി നടത്തി കൊടുത്തു. ഹിന്ദുത്വ തീവ്രവാദവുമായി സിപിഎം നേതൃത്വം അടുക്കുന്നതിന്റെ ഒരു പാട് തെളിവുകൾ മുൻപും പറഞ്ഞിട്ടുണ്ട്.അതിൻറെ അവസാനത്തെ തെളിവാണ് പാർട്ടി സെക്രട്ടറിയുടെ വായിൽ നിന്നും ഇന്നലെ പുറത്ത്‌വന്നത്.
ആർഎസ്എസുമായി പല സമയങ്ങളിലും ഞങ്ങൾ കൂട്ട് ചേർന്നിട്ടുണ്ട്. ആവശ്യം വന്നാൽ ഇനിയും കൂടും. എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് മറ്റെന്തൊക്കെയോ പറഞ്ഞു അദ്ദേഹം രക്ഷപെടാൻ നോക്കുകയാണെന്നും അൻവർ പറഞ്ഞു.
അടിയന്തിരാവസ്ഥ അർദ്ധ ഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല,യോജിക്കുന്നവരൊക്കെയായിട്ടു യോജിച്ചു എന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമി പണ്ട് എൽഡിഎഫിനെ പിന്തുണച്ചത് ഓര്മപെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്. അത് പറഞ്ഞാൽ വിവാദമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദമായതോടെ അദ്ദേഹം പ്രസ്‌താവനയിൽ നിന്നും മലക്കം മറിയുകയും ചെയ്‌തു.