മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളിൽ തന്നെ നല്ല തിരക്കാണ് ബൂത്തുകളിൽ അനുഭവപെട്ടത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുവരെ നീണ്ടുനിൽക്കും.
ആറ് മണിക്ക് ക്യൂവിലുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരെഞ്ഞെടുപ്പ് കംമീഷൻ അറിയിച്ചു. പിവി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായത്.
2,32,000 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത് ഇതിൽ 7787 പുതിയ വോട്ടർമാരാണ്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. സുരക്ഷക്കായി 1200 പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്.
ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന സ്ഥലത്ത് വനത്തിനുള്ളിൽ മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാനിദ്യമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേനയുടെ പ്രത്യേക നിരീക്ഷങ്ങളും നടക്കുന്നുണ്ട്.
എം സ്വരാജ് (എൽഡിഎഫ്), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), സാദിഖ് നടുത്തൊടി (എസ്‌ഡിപിഐ), പിവി അൻവർ (സ്വതന്ത്രൻ) തുടങ്ങി പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.