റിയാദ്: ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണങ്ങൾ ഉത്കൺഠയുണ്ടാക്കുന്നതെന്ന് സൗദി അറേബ്യ. യൂ എസ് നീക്കത്തിൽ “വലിയ ആശങ്ക” പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരം ലംഘിക്കുന്നതിനെ അപലപിക്കുന്നതായി അറിയിച്ച സൗദി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സംയമനം പാലിക്കാനും തീവ്രത ലഘൂകരിക്കാനും സംഘർഷം ഒഴിവാക്കാനും ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത പ്രകടിപ്പിച്ചു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ ശ്രമങ്ങൾ വർദ്ധിപ്പിക്കാനും രാജ്യം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന്റെ ആതിഥേയരായ ഖത്തർ. യുഎസിന്റെ വ്യോമാക്രമണം, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്ന് പറഞ്ഞു
മേഖലയിലെ നിലവിലെ അപകടകരമായ സംഘർഷം പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് വിദേശകാര്യ മന്ത്രാലയം നൽകിയ മുന്നറിയിപ്പ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ കക്ഷികളും വിവേകത്തോടെ പെരുമാറണമെന്നും കൂടുതൽ സംഘർഷം ഒഴിവാക്കാൻ സംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്‌തു.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ആണവ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒമാൻ, യുഎസ് നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. അമേരിക്ക നടത്തിയ നേരിട്ടുള്ള വ്യോമാക്രമണങ്ങളുടെ ഫലമായി സംഘർഷം വർദ്ധിച്ചതിൽ ആശങ്ക പ്രകടിപ്പിക്കുയും അപലപിക്കുകയും ചെയ്യുന്നവെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു.
ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ മേഖലയിലെ സംഘർഷം ഉടനടി നിർത്തണമെന്ന് യു എ ഇ ആവശ്യപ്പെട്ടു. സംഘർഷം തുടരുന്നത് അസ്ഥിരതയുടെ പുതിയ തലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിലും ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിലും യുഎഇ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു