ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേസിലെ നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർസുപ്രീം കോടതിയിൽ വിശദീകരിക്കും. വധിക്കപ്പെട്ട കുടുംബവുമായി സംസാരിക്കുവാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധികൾ ഉൾപ്പടെയുള്ള പ്രതിനിധികളെ യമനിലേക്ക് അയക്കണമെന്ന ആക്ഷൻ കൗസിലിൻറെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഈ വിഷയവും ആക്ഷൻ കൗൺസിൽ കോടതിയെ അറിയിക്കും.
യമനിലെ സൂഫി പണ്ഡിതൻ മുഖേന കാന്തപുരം എ പി അബൂബക്കർ അബൂബക്കർ മുസ്‌ലിയാർ തലാലിന്റെ കുടുംബവുമായും ഭരണകൂടവുമായും ബന്ധപ്പെട്ടതിനെ തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരുന്നു. ഈ സംഭവം മുൻ നിർത്തിയാണ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട തുടർ ചർച്ചക്ക് കാന്തപുരത്തിന്റെ പ്രതിനിധിയെ യമനിലേക്ക് അയക്കണമെന്ന ആവശ്യം ആക്ഷൻ കൗൺസിൽ മുന്നോട്ടുവെച്ചത്.