റിയാദ്: ഐസിഎഫ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന “വിശ്വാസപൂർവം” ബുക്ക് ടെസ്റ്റ് 2025 സൗദിയിൽ നൂറു കേന്ദ്രങ്ങളിൽ നടക്കും. ആഗസ്‌ത് 29 വെള്ളിയാഴ്‌ച രണ്ടു മണിക്കാണ് ബുക്ക് ടെസ്റ്റ് 2025 നടക്കുന്നത്. ഇന്ത്യൻ ഗ്രാൻറ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആത്മ കഥ “വിശ്വാസപൂർവം” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ബുക്ക് ടെസ്റ്റ് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ അനുഭവങ്ങളാണ് പുസ്തകങ്ങളിലുടനീളമുള്ളതെന്നും അത് കൊണ്ടാണ് ബുക്ക് ടെസ്റ്റിന് ഈ പുസ്തകം തെരെഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു.
കനൽപതങ്ങളിലൂടെ സഞ്ചരിച്ചു സമൂഹത്തിന് ദിശാബോധം നൽകുകയും പിന്നാക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ചു സമൂഹത്തിന് മാതൃക കാണിച്ച മഹാമനീഷിയുടെ വ്യക്തിജീവിതം വരച്ചുകാണിക്കുന്നതാണ് ഈ പുസ്തകം. വലിയ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ലളിതമായ രചനയിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്.
വർത്തമാനകാലത്ത് കാന്തപുരം ഉയർത്തിപിടിച്ച മാനവിക മൂല്യങ്ങളും കാഴ്ച്ചപ്പാടുകളും സമൂഹം ചർച്ച ചെയ്യപ്പെടുകയുണ്ടായി. തൻറെ വിശ്വാസത്തിൻറെ ശക്‌തമായ പ്രേരണയാണ് നിമിഷപ്രിയ ഉൾപ്പടെയുള്ളവരുടെ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഉൾപ്പടെ സമൂഹം പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.
പ്രവാസികളായ ആർക്കും ഈ ബുക്ക് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. ഐസിഎഫ് പ്രാദേശിക ഘടകങ്ങലായിരിക്കും ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ബുക്ക് ടെസ്റ്റിലെ വിജയികൾക്ക് റീജിയൺ തലത്തിൽ സ്വർണ്ണ കോയിൻ ഉൾപ്പടെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്‌ത് 29 വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേകം സജ്ജമാക്കുന്ന സ്ഥലങ്ങളിൽ വെച്ചായിരിക്കും ടെസ്റ്റ് നടക്കുകയെന്നും കൂടുതൽ വിവരങ്ങൾ ഐസിഎഫ് പ്രാദേശിക ഘടകങ്ങളിൽ നിന്നും ലഭ്യമാകുമെന്നും സംഘടകർ അറിയിച്ചു.
ഐസിഎഫ് സൗദി നാഷണൽ പ്രസിഡൻറ് അബ്‌ദുറഷീദ് സഖാഫി മുക്കം, ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, സോഷ്യൽ അഫേഴ്‌സ് ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുൾറഹീം വണ്ടൂർ, പബ്ലികേഷൻ സെക്രട്ടറി അബൂസാലിഹ് മുസ്‌ലിയാർ എന്നിവർ അറിയിച്ചു.