തിരുവനന്തപുരം: സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പടെ ശല്യം ചെയ്‌തുവെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുത്തേക്കും ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെന്നാണറിയുന്നത്.
സ്ത്രീകളെ ശല്യം ചെയ്‌ത വകുപ്പുകൾ ചുമത്തിയായിരിക്കും കേസെടുക്കുക. അതേസമയം ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച കാര്യത്തിൽ ഉൾപ്പടെ വെളിപ്പെടുത്തൽ നടത്തിയ യുവതികൾ നേരിട്ട് പരാതി നൽകാത്തതിനാൽ കേസെടുക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രീ പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പരാതി നൽകാൻ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിക്കുന്നു.
ഇതിന് പിന്നാലെ രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണവുമായി നടിയും മുൻ മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ്. ട്രാൻസ് വുമണും ബിജെപി നേതാവുമായ അവന്തിക അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.