തൃശൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ നാല് പോലീസുകാരെ സ്ഥലം മാറ്റുകയും രണ്ട് വർഷത്തെ ഇൻക്രിമെൻറ് റദ്ദാക്കുകയും ചെയ്‌തു. തൃശൂർ ഡിഐജി ഹരി ശങ്കർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുജിത്തിനെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു നടപടി. പരാതി ഉയർന്ന ഉടനെ നടപടി സ്വീകരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
നാല് പോലീസുകാർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും അവരെ സ്ഥലം മാറ്റുകയും ചെയ്‌തു. “കൈകൊണ്ട് ഇടിച്ചു” എന്ന കുറ്റം മാത്രമാണ് ഉദ്യോഗസ്ഥർ ക്കെതിരെ ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോടതിയും ഈ കുറ്റം മാത്രമാണ് പരിഗണിച്ചത്. തുടർ നടപടികൾക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ കുന്നംകുളം കോടതി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.
തൃശൂർ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സുജിത് കാരണം തിരക്കാൻ ശ്രമിച്ചതാണ് ക്രൂരമർദ്ദനത്തിന് ഇരയാവാൻ കാരണം. ഇത് ഇഷ്ടപെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ നുഅമാൻ, സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിൽ കൊണ്ടുപോയി. ഷർട്ട് ഊരിമാറ്റിയ നിലയിൽ സ്റ്റേഷനിലെത്തിച്ച സുജിത്തിനെ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞു മർദ്ദിച്ചു. സ്റ്റേഷനിൽ വെച്ച് കുനിച്ചു നിർത്തി സുജിത്തിന്റെ പുറത്തും മുഖത്തും ഉൾപ്പടെ അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.



