തിരുവനന്തപുരം: എസ്എൻഡിപി പ്രസിഡൻറ് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ ആശയങ്ങൾ പകർത്തിയ നേതാവാണ് വെള്ളപ്പാള്ളി നടേശനെന്നും മൂന്ന് പതിറ്റാണ്ടിലേറെ എസ്എൻഡിപി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നത് ഔചിത്യപൂർണമാണെന്നും പിണറായി വിജയൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ കാലത്താണ് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലെത്തിയതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീ നാരായണീയം കൺവൻഷൻ സെന്റർ ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളീയ ചരിത്രത്തിൽ നിർണായക സ്ഥാനം എസ്എൻഡിപിക്കുണ്ട്. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടെയും കാലത്താണ് എസ്എൻഡിപി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും അത് നേടാനുള്ള ഏകമാർഗം വിദ്യാഭ്യാസമാണെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസമില്ലാത്ത ഒരു വിഭാഗത്തിന് വിദ്യാഭ്യാസമെത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുസ്‌ലിംകൾക്കെതിരെയുള്ള വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിനെതിരെയും പിജെ ജോസഫിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ഇരുകൂട്ടരും അധികാരത്തിലിരുന്നപ്പോൾ സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തൊടുപുഴയിൽ നടന്ന യൂണിയൻ തല ശാഖാ സംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ കടന്നാക്രമണം.
പിജെ ജോസഫ് സ്വന്തം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനായി നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി എന്നും പരാമർശം നടത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് സർക്കാർ ചെലവഴിക്കുന്ന കോടികൾ സംഘടിത ന്യൂനപക്ഷങ്ങളുടെ കൈകളിലേക്കാണ് പോകുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗ് ഭരിച്ചപ്പോഴും മുസ്‌ലിം ന്യൂനപക്ഷത്തിന് വാരിക്കോരി കൊടുത്തെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചെന്നും ഈഴവർ ഉൾപ്പടെയുള്ളവരെ തഴഞ്ഞെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നവോത്ഥാന സമിതിയുടെ തലപ്പത്ത് നിയമിച്ചത് ആൺകുട്ടികളെന്നും അവർ പറഞ്ഞാൽ സ്ഥാനമൊഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിലും വെള്ളാപ്പള്ളി മുസ്‌ലിംകൾക്കെതിരെ വിഷം തുപ്പിയിരുന്നു.
അതേസമയം, വെള്ളാപ്പള്ളി നടേശൻ ഇത്രയൊക്കെ വർഗീയത പറഞ്ഞിട്ടും മുഖ്യമന്ത്രിയോ സിപിഎമ്മോ വെള്ളാപ്പള്ളിക്കെതിരെ ഒരു വിമർശനവും നടത്തിയിരുന്നില്ലെന്ന് മാത്രമല്ല. വെള്ളാപ്പള്ളിയെ ആദരിക്കാനും പ്രകീർത്തിക്കാനുമായിരുന്നു മന്ത്രിമാരും മുഖ്യമന്ത്രിയും ശ്രമിച്ചിരുന്നതെന്ന വിമർശനവും ശക്തമാണ്.



