മംഗളുരു: നവജാത ശിശുവിനെ നാലര ലക്ഷം രൂപക്ക് വിറ്റു. കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഡോക്ടർ സോമേഷ് സോളമൻ, ദുർഗാവാഹിനി നേതാവ് വിജയലക്ഷ്‌മി, നവനീത് നാരായണൻ എന്നിവരെയാണ് ഷിർവ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മംഗളൂരുവിൽ പേയിങ് ഗസ്റ്റ് സ്ഥാപനം നടത്തുകയാണ് ദുർഗാവാഹിനി നേതാവ് വിജയലക്ഷ്‌മി, നവനീത് നാരായണൻ (25) ആണ് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതെന്ന് പോലീസ് പറഞ്ഞു. വിജയലക്ഷ്‌മിയും പ്രതികളും ചേർന്ന് ഷിർവയിലെ കല്ലുഗുഡയിൻ നിന്നുള്ള മക്കളില്ലാത്ത രമേശ് മൗല്യ പ്രഭാവതി ദമ്പതികൾക്കാണ് കുഞ്ഞിനെ വിറ്റത്. ദമ്പതികളുടെ ബന്ധുവായ പ്രയങ്കയെന്ന യുവതിയാണ് വിജയലക്ഷ്‌മിയെ പരിചയപ്പെടുത്തിയത്.
വിജയലക്ഷ്‌മി തൻറെ പിജി താമസസ്ഥലത്ത് ജോലി ചെയ്യുന്ന അവിവാഹിതയായ സ്ത്രീയുടെ കുഞ്ഞിനെ അവർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്‌തു. ആഗസ്‌ത് മൂന്നിനാണ് മംഗളൂരുവിലെ കൊളോസോ ആശുപത്രിയിൽ യുവതി പ്രസവിച്ചത്. പ്രസവ ശേഷം വിജയലക്ഷ്‌മിയും ഡോ. സുമേഷും ചേർന്ന് കുഞ്ഞിനെ നാലര ലക്ഷം രൂപക്ക് ദമ്പതികൾക്ക് കൈമാറുകയായിരുന്നു. ശേഷം ദമ്പതികൾ കുഞ്ഞിനെ അംഗനവാടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്ക് കുട്ടികളില്ലെന്ന് അറിയാവുന്ന ജീവനക്കാർ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരിക്കുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. കൂടുതൽ അന്വേഷണത്തിൽ നവനീത് നാരായണൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതാണെന്നും കണ്ടെത്തി. ഇതെല്ലാം അറിഞ്ഞിട്ടും ദുർഗാവാഹിനി നേതാവും ഡോക്ടറും കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. വിജയലക്ഷ്‍മിക്ക് നിരവധി സംഘടനകളുമായി ബന്ധമുണ്ടെന്നും, മംഗളൂരുവിൽ ഒരു ആശുപത്രി കാന്റീൻ നടത്തുന്നുണ്ടെന്നും എസ്‌പി ശങ്കർ വ്യക്തമാക്കി.



