ഉത്തമ സമൂഹസൃഷ്‌ടിക്ക് പ്രവാചക ആഹ്വാനങ്ങൾ ഏറ്റെടുക്കുക; കാന്തപുരം

കോഴിക്കോട്: ധാർമികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തിൽ പ്രചരിപ്പിച്ചതെന്നും സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.

പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കുക, സത്യസന്ധരാവുക, സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരെയും പ്രത്യേകം പരിഗണിക്കുക, സംഘര്ഷരഹിത സാമൂഹികാന്തരീക്ഷം സൃഷ്‌ടിക്കുക, അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുക തുടങ്ങി മനുഷ്യ കുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്.

സമത്വവും സമാധാനവും ആഹ്വനം ചെയ്യുന്നതുൾപ്പടെയുള്ള സന്ദേശങ്ങളിലൂടെയാണ് ലോകമെമ്പാടും മുഹമ്മദ് നബിയെ ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തിൻറെ ഭാഗമായി മർകസിൽ നടക്കുന്ന പ്രഭാത പ്രകീർത്തന സദസ്സിലും ബംഗളുരുവിലെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലും ഗ്രാൻഡ് മുഫ്‌തി പങ്കെടുക്കും.

പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാമത് തിരുപിറവി വർഷത്തിൽ അതിവിപുലമായ പരിപാടികളോടെയാണ് നബിദനം ആഘോഷിക്കുന്നത്. പള്ളികളിൽ പ്രഭാത നിസ്കാര ശേഷം പ്രകീർത്തന സദസ്സുകളും മദ്രസകൾ കേന്ദ്രീകരിച്ച് ഘോഷയാത്രകളും കലാമത്സരങ്ങളും അന്നദാനവും ഉണ്ടായിരിക്കും.

Related Articles

- Advertisement -spot_img

Latest Articles