ദോഹ: ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അറബ് ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്‌ച ദോഹയിൽ നടക്കും. ഇതിന് മുന്നോടിയായി അറബ് രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ യോഗം നാളെ ചേരും. യോഗ തീരുമാനങ്ങൾ നിര്ണായകമാവുമെന്നതിനാൽ ലോകം ഏറെ ആകാംക്ഷയോടെയാണ് ദോഹയിലേക്ക് ഉറ്റുനോക്കുന്നത്.
തിങ്കളാഴ്‌ച നടക്കുന്ന ഉച്ചകോടിയിൽ അവതരിപ്പിക്കാനുള്ള ഇസ്രായേൽ ആക്രമണം സംബന്ധിച്ച കരട് പ്രമേയം നാളത്തെ വിദേശ മന്ത്രിമാരുടെ യോഗത്തിൽചർച്ച ചെയ്യുമെന്ന ഖത്തർ പ്രധാനമന്ത്രിമാരുടെയും വിദേശ കാര്യ മന്ത്രാലയത്തിൻറെയും ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തണിന്റെ പിന്നലെ നടക്കുന്ന അടിയന്തിര അറബ് ഇസ്‌ലാമിക ഉച്ചകോടി നിര്ണായകമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തറിനോടുള്ള ഇസ്ലാമിക അറബ് രാജ്യങ്ങളുടെ അചഞ്ചലമായ പിന്തുണയും സയണിസ്റ്റ് ഭീകരതയോടുള്ള നിരാകരണവുമാകും ഉച്ചകോടിയിലൂടെ പ്രതിഫലിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിന് നേരെ ആക്രമണം നടത്തിയ ഇസ്രായേലിന് അറബ് രാജ്യങ്ങൾ ഒരുമിച്ച് മറുപടി നൽകാനുള്ള തീരുമാനം ഉച്ചകോടിയിൽ ഉണ്ടാവുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഖത്തറിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽ ജാസിം അൽതാനി ചൂണ്ടികാട്ടിയിരുന്നു.
അടിയന്തിര ഉച്ചകോടി നടക്കുന്നതിനാൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ എല്ലാ വിധ സമുദ്ര ഗതാഗതങ്ങളും രണ്ട് ദിവസത്തേക്ക് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽ ജാസിം അൽതാനി അമേരിക്കയിലെത്തി യു എസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും കണ്ടിരുന്നു.