കോഴിക്കോട്: കോഴിക്കോട് നിന്നും അടുത്തമാസം ആരംഭിക്കേണ്ടിയിരുന്ന സൗദി എയർലൈൻസ് സർവീസ് ജനുവരിയിലേക്ക് മാറ്റി. ക്രമീകരണങ്ങൾ പൂർത്തിയാവാത്തതിനെ തുടർന്നാണ് സർവീസ് ആരംഭിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. സൗദി എയർലൈൻസിന്റെ 321 നിയോ വിമാനമായിരിക്കും റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും സർവീസിന് കോഴിക്കോട്ടെത്തുക. 188 സീറ്റുകളാണ് ഇത്തരം വിമാനങ്ങളിൽ ഉണ്ടാവുക. ഇതിൽ 20 സീറ്റ് ബിസിനസ് ക്‌ളാസുകളാണ്. മറ്റു വിമാനസർവീകളെ അപേക്ഷിച്ച് കൂടുകൽ ലഗേജുകൾ സൗദി എയർലൈൻസിൽ യാത്രക്കാർക്ക് കൊണ്ടുപോവാൻ സാധിക്കും. റൺവേ ആൻഡ് സേഫ്റ്റി ഏരിയയുടെ നിർമാണം പൂർത്തിയാവുന്നതോടെ സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങളും കോഴിക്കോടെത്തും.
സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ എത്തുന്നതോടെ ഹജ്ജ് തീർത്ഥാടകർക്കും സൗകര്യമാകും. നിലവിൽ ഹജ്ജ് സർവീസ് സൗദി എയർലൈൻസ് നടത്തുന്നില്ല. 2026 വർഷത്തെ ഹജ്ജ് സർവീസ് നടത്താനും സൗദി എയർലൈൻസ് മുന്നോട്ടു വന്നിട്ടില്ല. ഹജ്ജ് സർവീസുകൾക്ക് വിമാന കമ്പനികളിൽ നിന്നും ടെണ്ടർ സ്വീകരിക്കുന്നതിൻറെ സമയം ഈ മാസം 25 വരെയാണ്. ഈ വർഷം ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് നിന്നും ഹജ്ജിന് പോകുന്ന ഹാജിമാരുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമാണ്.