ന്യൂഡൽഹി: 2026 ലെ സിബിഎസ്ഇ പരീക്ഷ കലണ്ടർ പുറത്തിറക്കി. 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിലാണ് പരീക്ഷകൾ നടക്കുക. ഇന്ത്യയിലും വിദേശത്തുമായി ഏകദേശം 45 മലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. 26 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ സിബിഎസ്ഇ പരീക്ഷ എഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 ന് ആരംഭിക്കും, ആദ്യ പരീക്ഷ കണക്ക് ആയിരിക്കും. മാർച്ച് 19 ന് നടക്കുന്ന ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും.
12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17 നാണ് ആരംഭിക്കുക. ഏപ്രിൽ 4 ന് 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കും. പരീക്ഷാ സമയം എല്ലാ വിദ്യാർഥികൾക്കും രാവിലെ 10.30 തന്നെയായിരിക്കും ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.
10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10 -ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻറ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകളാണ് ഈ കാലയളവിൽ നടക്കുക. പരീക്ഷ പൂർത്തിയായാൽ 12 ദിവസങ്ങൾക്ക് ശേഷം മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.