ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തന്നെ തുടരുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് കരുതുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ നാരായണനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാവും. പ്രായപരിധിയിൽ ഒരു ഇളവും പാടില്ലെന്ന് കേരള ഘടകം ഉൾപ്പടെ പറയുന്ന സാഹചര്യത്തിൽ കടുത്ത എതിർപ്പ് മറികടന്നാണ് രാജയെ വീണ്ടും സെക്രട്ടറിയാക്കുന്നത്.
പ്രായപരിധിയിൽ രാജക്ക് മാത്രം ഇളവ് നൽകാൻ ഇന്നലെ ചേർന്ന നിർവാഹക സമിതി തീരുമാനിക്കുകയായിരുന്നു. 75 വയസ്സ് പൂർത്തിയതിനെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് കെ നാരായണ, പല്ലഭ് സെൻ ഗുപ്‌ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ പുറത്താകും.
പ്രായപരിധി കവിഞ്ഞതിനാൽ നിലവിലെ ജനറൽ സെക്രട്ടറിയായ ഡി രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ രാജക്ക് പകരം കണ്ട അമർജിത് കൗറിൻറെ പേര് വിവിദ സംസ്ഥാന ഘടകങ്ങൾ തള്ളുകയായിരുന്നു. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞതും രാജക്ക് വഴിയൊരുക്കി. .
ഇന്നലെ ചേർന്ന നിർവാഹക സമിതി യോഗത്തിൽ രാജ വികാര ഭരിതനായി സംസാരിച്ച വാർത്തകളും പുറത്തു വരുന്നുണ്ട്. തൻറെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് പാർട്ടി കാണുന്നില്ലെന്ന് രാജ ചോദിച്ചു. തന്നെ സെക്രട്ടറി മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും രാജ പറഞ്ഞു. തുടർന്നാണ് രാജക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകിയത്