തെൽഅവീവ്: ലോക പ്രതിഷേധങ്ങൾ വകവെക്കാതെ ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്ക് കനത്ത തിരിച്ചടി നൽകി ഹൂത്തികൾ. ഇസ്രായേലിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് ഇസ്രായേലിലെ ഏലിയാത്തിൽ നടത്തിയ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ പരിക്ക് സാരമുള്ളതാണെന്നും റിപ്പാർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം റിസോർട്ട് സിറ്റിയിലെ ഹോട്ടലിന് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഗുരുതര പരിക്ക് പറ്റിയവരെ ഇസ്രായേൽ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളിൽ ബിയർ ഷേബായിലെ സോറോക്ക മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ഏലിയാത്തിലെ യോസേഫ്ത്താൽ മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച ചെങ്കടൽ തീരത്തെ ഏലിയായത്ത് പ്രദേശത്ത് ഡോൺ വീണതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. ഷോപ്പിംഗ് ഏരിയയിലെ ഹോട്ടലിന് സമീപമാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യോമ സേന സംവിധാനം ഡ്രോൺ പ്രതിരോധിക്കുന്നതിൽ പരാജയപെട്ടുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു. രണ്ട് അയൺ ഡോം ഇന്റർസെപ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും ഡ്രോൺ തടയാനുള്ള തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സൈന്യം സമ്മതിച്ചു. അതേസമയം ആക്രമണ മുന്നറിയിപ്പ് സൈറണുകൾ പ്രോട്ടോകോൾ പ്രകാരം മുഴങ്ങിയിരുന്നു.
വീഴ്‌ചയെ കുറിച്ച് ഇസ്രായേൽ വ്യോമസേനാ അന്വേഷണം ആരംഭിച്ചു. ഡ്രോൺ വൈകിയാണ് കണ്ടെത്തിയതെന്നും അതിനാൽ ഹെലികോപ്ടറും യുദ്ധവിമാനങ്ങളൂം ഉപയോഗിച്ച് പ്രതിരോധിക്കാൻ ഐഎഎഫിന് മതിയായ സമയം ലഭിച്ചില്ലെന്നുമാണ് വ്യോമ സേനയുടെ പ്രാഥമിക വിലയിരുത്തൽ. താഴ്ന്ന് പറക്കുന്നത് കൊണ്ടാകാം ഡ്രോണിനെ വെടിവെച്ചിടുന്നതിൽ അയൺ ഡോം ഇന്റർസെപ്റ്റർ മിസൈലുകൾ പരാജയപെട്ടതെന്നുമാണ് ഐഎഎഫ് പറയുന്നത്.