ടെഹ്‌റാൻ: ഇസ്രായേലിന് വേണ്ടി രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തിയ ആറ് തടവുകാർക്ക് വധ ശിക്ഷ നൽകി ഇറാൻ. എണ്ണ സമ്പന്നമായ തെക്ക് പടിഞ്ഞാറൻ മേഖലയിൽ ഇസ്രായേലിന് വേണ്ടി ആക്രമണങ്ങൾ നടത്തിയ കേസിൽ പിടിക്കപ്പെട്ട ആറ് പ്രതികളുടെ വധ ശിക്ഷയാണ് ഇറാൻ നടപ്പാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവിനെ ഇറാൻ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.
ജൂണിൽ 12 ദിവസം നീണ്ടു നിന്ന ഇറാൻ ഇസ്രായേൽ യുദ്ധത്തിന് ശേഷമാണ് രാജ്യത്തിനകത്ത് നിന്നും ഇസ്രായേലിന് വേണ്ടി പ്രവർത്തിക്കുന്നവരെ വധശിക്ഷക്ക് വിധേയമാക്കാൻ ആരംഭിക്കുന്നത്. ഇറാനിലെ പ്രക്ഷുബ്‌ധമായ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഖോറോംശഹറിന് ചുറ്റുമുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇവർ ആസൂത്രിതമായി ബോംബാക്രമണം നടത്തിയതിനൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും കൊലപ്പെടുത്തിയതായി ഇറാൻ പറഞ്ഞു.
ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു പുരുഷൻറെ ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ആദ്യമായിട്ടാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പറഞ്ഞു.