പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരനെ മർദിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞമ്പാറയിലാണ് സംഭവം.കൊഴിഞ്ഞമ്പാറ കള്ള് ഷാപ്പിലെ താൽക്കാലിക ജീവനക്കാരനെയാണ് യുവാവ് മർദിച്ചു കൊന്നത്. ഷാപ്പിൽ വെച്ച് മദ്യംകഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു അക്രമം. മുണ്ടൂർ പന്നമല സ്വദേശി എൻ രമേശ് (50) ആണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം ശാഹുൽ ഹമീദാണ് രമേശനെ കൊലപ്പെടുത്തിയത്.
മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുന്നത് രമേശ് തടഞ്ഞതാണ് പ്രകോപനമെന്ന പോലീസ് പറഞ്ഞു. പ്രദേശവാസികളാണ് രമേശിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞമ്പാറ വിദേശ മദ്യ വിൽപനശാലക്ക് സമീപത്തുള്ള കള്ളുഷാപ്പിലാണ് ഹമീദ് വിദേശ മദ്യവുമായെത്തി മദ്യപിക്കാനൊരുങ്ങിയത്. ഇത് താൽക്കാലിക ജീവനക്കാരൻ രമേശ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ശാഹുൽ ഹമീദ് അവിടുന്ന് പോവുകയും ചെയ്‌തു.
രാത്രി എട്ടരയോടെ കള്ള് ഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷനെ പിന്തുടർന്നെത്തിയ ശാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്തരിക രക്ത സ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പാർട്ട്. മർദ്ദനത്തെ തുടർന്ന് നിലത്തു വീണ രമേശന്റെ നെഞ്ചത്ത് ചവിട്ടിയതായിരിക്കാം രക്ത സ്രവത്തിന് കാരണമെന്നാണ് നിഗമനമെന്ന് ഡോക്ടർമാർ പറഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.



