ന്യൂഡൽഹി: കുടിവെള്ളം പങ്കുവെക്കുന്നതുമായുള്ള പ്രശ്നത്തെത്തുടർന്ന് ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ദൽഹി ഹസ്രത് നിസാമുദ്ധീൻ റയിൽവേ സ്റ്റേഷനിലാണ് സംഭവം. കൂട്ടത്തലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് എക്സിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഡൽഹിയിലെ ഹസ്രത് നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഘർഷമുണ്ടായത്. 12 ഓളം പേർ ഡസ്റ്റ്ബിൻ, ബെൽറ്റ് എന്നിവകൊണ്ട് അടികൂടുകായിരുന്നു. സംഘർഷം ലഘൂകരിക്കാൻ മറ്റുള്ളവർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.വാട്ടർബോട്ടിലുകൾ വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ദൽഹി പോലിസ് പറഞ്ഞു.
സംഘർഷത്തിന് പിന്നാലെ റയിൽവേ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയിൽവേ കാറ്ററിംഗ് ടൂറിസം കോർപറേഷനും പ്രതികരിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് ഐആർടിസിയുടെ നാല് ജീവനക്കാരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. നാലുപേരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. ഐആർടിസി സേവനദാതാവിന് സംഘർഷം സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഏജൻസിക്ക് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തും.



